
എമ്പുരാൻ സിനിമ സൃഷ്ടിച്ചത് ചരിത്ര നേട്ടങ്ങൾ. മാർച്ച് 27ന് പാൻ ഇന്ത്യ ലെവലിൽ റിലീസ് ചെയ്‌ത ചിത്രം ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് 250കോടി കളക്ഷൻ ക്ലബ്ബിലേക്ക് എത്തിയത്. സിനിമയുടെ റിലീസ് പിന്നാലെയുണ്ടായ വിവാദങ്ങളും, പിന്നീട് സിനിമയിൽ മാറ്റങ്ങൾ വരുത്തി റീ എഡിറ്റഡ് വേർഷൻ തിയേറ്ററുകളിൽ എത്തിയതും വൻ ചർച്ചയായി മാറിയിരുന്നു.
ചിത്രത്തിൽ 20ലധികം മാറ്റങ്ങൾ വരുത്തിയാണ് റീ എഡിറ്റഡ് വേർഷൻ എത്തിയത്. കൂടാതെ സിനിമയുടെ റിലീസ് പിന്നാലെയുണ്ടായ സംഭവവികാസങ്ങളിൽ മോഹൻലാൽ ക്ഷമ ചോദിച്ചിരുന്നു. ചിത്രം നിലവിൽ തിയേറ്റർ റൺ തുടരുകയാണ് എങ്കിലും ചിത്രം എന്നാകും ഒ. ടി. ടിയിൽ എത്തുകയെന്നതാണ് ആകാംക്ഷ. എമ്പുരാൻ ഏത് ഒ. ടി. ടിയിലാണ് എത്തുകയെന്നതിൽ ഇതുവരെ സ്ഥിതീകരണം ഇല്ല.
എന്നാൽ ഒ. ടി. ടിയിൽ എത്തുമ്പോൾ എമ്പുരാൻ റീ എഡിറ്റ് പതിപ്പ് ആകുമോ എത്തുകയെന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിലും സിനിമ പ്രേമികൾക്കും ഇടയിൽ സജീവമാണ്.വിവാദങ്ങൾ പിന്നാലെ റീ എഡിറ്റ് ചെയ്ത എമ്പുരാൻ പതിപ്പ് ആയിരിക്കും ഒ.ടി.ടിയില്‍ എത്തുക എന്ന് ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍ സ്ഥിതീകരിക്കുകയാണ് ഇപ്പോൾ. എമ്പുരാൻ വിവാദങ്ങൾ പിന്നിൽ മാർക്കറ്റിങ് തന്ത്രങ്ങൾ ഉണ്ടെന്നുള്ള ആരോപണങ്ങൾക്കും എഡിറ്റര്‍ അഖിലേഷ് മോഹന്‍ മറുപടി നൽകി.
“റീ എഡിറ്റിനെ കുറിച്ചു സിനിമയുടെ റിലീസ് പിന്നാലെയാണ് അറിഞ്ഞത്. ശരിക്കും റീ എഡിറ്റ് എന്നെല്ലാം പറഞ്ഞാലും എല്ലാ ഭാഷകളിലും ചെയ്യേണ്ടതായതിനാൽ ഒരു ചിത്രം ആദ്യം മുതല്‍ ചെയ്യുന്ന പോലെയുള്ള പണിയായിരുന്നു എമ്പുരാൻ റീ എഡിറ്റ് വേർഷനിൽ ചെയ്യേണ്ടതായി വന്നത്.റീ എഡിറ്റ് ചെയ്താലും ആ ചിത്രത്തെ നിലനിര്‍ത്താന്‍ സാധിച്ചു. അതാണ് പ്രധാനം. എല്ലാവരിലേക്കും സിനിമ എത്തണം. അതാണ് ആഗ്രഹം “എഡിറ്റര്‍ അഖിലേഷ് മോഹന്‍ അഭിപ്രായം വിശദമാക്കി.
“എല്ലാം മാർക്കറ്റിങ് തന്ത്രമെന്ന് പറയുന്നവരോട്, ഇത്രയും പണം ചിലവാക്കി എടുത്ത ചിത്രത്തിൽ ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? ” എഡിറ്റര്‍ അഖിലേഷ് മോഹന്‍ ചോദ്യം ഉന്നയിച്ചു.