
school praveshanolsavam 2025 : സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 2ന് തുറക്കും. ഈ വർഷത്തെ സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ 2 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ സ്കൂളിലും പ്രവേശനോൽസവ ചടങ്ങുകൾ നടക്കും.
സ്കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. സ്കൂൾ തുറക്കും മുൻപ് തന്നെ എല്ലാ സ്കൂളുകളുടെയും ഫിറ്റനസ് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഘടകങ്ങൾ ഉൾച്ചേർന്ന് നവീകരിച്ച അക്കാദമിക്ക് മാസ്റ്റർ പ്ലാൻ ജൂൺ 15 നകം പൂർത്തികരിക്കണമെന്നും മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകി. കൂടാതെ സ്കൂൾ ബസുകൾക്കും കുട്ടികളെ എത്തിക്കുന്ന സ്വകാര്യ വാഹനങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ് ഉറപ്പ് വരുത്തണം. ഇതോടൊപ്പം ഡ്രൈവർമാർക്ക് ബോധവൽകരണവും നൽകണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം സ്കൂൾ വാഹനങ്ങളിലെ ജീവനക്കാരെയും നിയമിക്കേണ്ടത് എന്നും യോഗം വിലയിരുത്തി.
സ്കൂൾ പരിസരത്ത് ട്രാഫിക്ക് പോലീസിന്റെ സേവനം ഉറപ്പാക്കണം. സ്കൂൾ തുറക്കും മുൻപ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ നടപടികൾ പൂർത്തീകരിക്കണം. പാചകപ്പുര, ശുചിമുറി, കൈകഴുകുന്ന സ്ഥലം എന്നിവ വൃത്തിയുള്ളതായിരിക്കണം. ബെഞ്ച്, ഡസ്ക് എന്നീവ ഉപയോഗയോഗ്യമാക്കണം. സ്കൂൾ പരിസരത്തെ അപകട ഭീഷണിയുള്ള മരങ്ങളും മരച്ചില്ലകളും വെട്ടി മാറ്റണം. കുടിവെള്ള സ്രോതസ്സുകൾ വൃത്തിയാക്കി ശുദ്ധമായ കുടിവെള്ളം ഉറപ്പ് വരുത്തണം. റെയിൽവേ ക്രോസിന് സമീപത്തെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് അപകടകരഹിതമായി ട്രാക്ക് മുറിച്ചു കടക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.
മെന്റർ ടീച്ചറൻമാരെ സ്കൂൾ തുറക്കും മുൻപ് നിയമിക്കണം. പാഠപുസ്തകങ്ങൾ യൂണിഫോം എന്നിവ എല്ലാ വിദ്യാർത്ഥികളുടെ പക്കലും എത്തിയെന്ന് ഉറപ്പാക്കണമെന്നും യോഗത്തിൽ തീരുമാനമായി.യോഗത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ഭക്ഷ്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ, ചീഫ് സെക്രട്ടറി ഡോ.എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Also Read : “തുടരും” ഒ ടി. ടി റിലീസ് പ്രഖ്യാപിച്ചു