V Sivankutty Minister : ജനുവരി നാലു മുതൽ 8 വരെ കേരളം ആകെ അലയടിക്കുക കലോത്സവ ആരവം. കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയിക്കും .കലോത്സവത്തിലെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 63ആം സംസ്ഥാന കലോത്സവത്തിന് തിരി തെളിയിക്കും.25 വേദികളിലായി 249 മത്സരയിനങ്ങളിൽ നടക്കുന്ന കലോത്സവത്തിൽ 10000ലധികം കുട്ടികൾ പങ്കെടുക്കും.
അതേസമയം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം വമ്പൻ വിജയമാക്കി മാറ്റണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആവശ്യപെട്ടു.മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കുകയെന്ന് പറഞ്ഞ മന്ത്രി,ജനുവരി നാലു മുതൽ 8 വരെയുള്ള ദിനരാത്രങ്ങളിൽ പൊതുജനം കലോത്സവത്തിന്റെ കൂടെയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
” വളരെ ആരോഗ്യകരമായ മത്സരങ്ങളാണ് കലോത്സവത്തിൽ ഇത്തവണയും അരങ്ങേറേണ്ടത്. തെറ്റായ ഒരു പ്രവണതയും പ്രോത്സാഹിപ്പിക്കില്ല. കലോത്സവ മാന്വൽ അനുസരിച്ചു മാത്രമാണ് കലോത്സവം സംഘടിപ്പിക്കുക. വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും കലോത്സവത്തിന്റെ അന്തസ്സ് ഉൾക്കൊണ്ട് പെരുമാറണം.മികച്ച രീതിയിലുള്ള സംഘാടനമാണ് കലോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്നത്. 19 സബ് കമ്മിറ്റികളും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും വോളണ്ടിയർമാരും പോലീസ് അടക്കമുള്ള എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും കലോത്സവ എല്ലാവിധ സംഘാടനത്തിന് സജ്ജരായി കഴിഞ്ഞു. സ്വർണ്ണക്കപ്പ് ഘോഷയാത്രയ്ക്ക് ലഭിച്ച വരവേൽപ്പ് തന്നെ പൊതുജനം കലോത്സവത്തെ എത്രത്തോളം ഏറ്റെടുക്കുന്നു എന്നതിന് തെളിവാണ് “മന്ത്രി വിശദമാക്കി.
Also Read :ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 മാർച്ചിൽ നടത്തുവാൻ തീരുമാനം