
World Trade Center at Technopark Trivandrum : സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ ശക്തി പകരുവാനായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ടെക്നോപാർക്ക് സി ഇ ഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സി ഒ ഒ ഹൃഷികേശ് നായരും കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അടക്കം സാന്നിധ്യത്തിൽ ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം. ആർ. ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ എല്ലാവിധ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് അടക്കം വമ്പൻ കുതിപ്പ് ആയി മാറുമെന്ന് അധികൃതർ അറിയിച്ചു . കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ ടി കമ്പനികളെയും നിക്ഷേപങ്ങളെയും ആകര്‍ഷിക്കുവാൻ ഇതോടെ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് സാധിക്കും .കൂടാതെ അന്താരാഷ്ട്ര ഭൂപടത്തില്‍ മികച്ച ഐടി കേന്ദ്രമെന്ന നിലയില്‍ തിരുവനന്തപുരത്തെ അടയാളപ്പെടുത്താനും ഇത് കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.അതേസമയം കൊച്ചിയിലേതിന് ശേഷമുള്ള കേരളത്തിലെ രണ്ടാമത്തെ വേൾഡ് ട്രേഡ് സെന്റർ കൂടിയാണ് തിരുവനന്തപുരത്ത് സാധ്യമാകുന്നത്.
Also Read :സംസ്ഥാനത്തെ ഐ ടി ഐകളിൽ അധ്യാപക പരിശീലനത്തിൽ കാലാനുസൃത മാറ്റം വരുത്തും : മന്ത്രി വി ശിവൻകുട്ടി